Tuesday, April 15, 2014

നീയും....... ഞാനും......


നിന്റെ കണ്ണുകൾ ഈറനണിഞ്ഞാൽ  
എന്റെ  മനസ്സിൽ  പെരുമഴയുടെ  പെരുമ്പറ
നിന്റെ  കണ്ണുകൾ  തിളങ്ങിനിന്നാൽ
എന്റെ  മനസ്സിൽ പുതുമഴയുടെ  പൂക്കാലം


നിന്റെ  മുഖം  വാടിയാൽ
എന്റെ  മനസ്സിൽ  നിറമില്ലാപ്പൂക്കാലം
നിന്റെ  മുഖം  തെളിയുമ്പോൾ
എന്റെ  മനസ്സിൽ  നിത്യവസന്തപ്പൂത്താലം


നിന്റെ  മൌനം  മേഘാവൃതമായാൽ
എന്റെ  വാക്കുകൾ  നിശബ്ദം 
നിന്റെ  മൌനം  വാചാലം
എന്റെ  വാക്കുകൾ  ശലഭങ്ങൾ 


നിന്റെ  വാക്ക്  മുറിവേല്‍പ്പിച്ചാൽ 
എന്റെ  ചോര  വാർന്നൊഴുകും
നിന്റെ  വാക്ക്  താലോലിച്ചാൽ 
എന്റെ  മനമൊരു  മയിൽ പ്പീലി

എന്റെ പൊന്‍മകനോട്‌


എന്റെ പൊന്‍മകനോട്‌ പറയുവാനുണ്ടെനീ-
ക്കെന്തെന്തു കാര്യങ്ങള്‍, എന്നേക്കുമായ്! 

അമ്മ തന്‍ മാറത്ത് അടുങ്ങിക്കിടക്കവേ 
അമ്മിഞ്ഞ ചോദിച്ചു കൈകാല്‍ കുടഞ്ഞതും 
പിന്നെക്കിലുകിലുക്കാംപെട്ടി കണ്ടു നീ 
അന്ന് കിലുകിലെപ്പൊട്ടിച്ചിരിച്ചതും

അങ്ങനെയെന്തെന്തു കാര്യങ്ങള്‍ നിന്നോടി- 
തമ്മക്ക് ചൊല്ലുവാനുന്ടെന്റെയോമനെ! 

"ഇങ്ക്"എന്ന് ചൊന്നതും, കാറ്റില്‍ത്തലയാട്ടി
പൂക്കള്‍ നില്‍ക്കെക്കണ്ട് "പൂ"വെന്നു ചൊന്നതും, 
പിച്ചവയ്ക്കുമ്പോള്‍ അടിതെറ്റി വീഴാതെ 
പിച്ചക കൈകളെന്‍ നേര്‍ക്ക്‌ നീട്ടുന്നതും 
താനേ നടന്നു തുടങ്ങിയ നേരത്ത്, "ഞാനൊരു
'സംഭവ"മാണെന്ന ഭാവത്തില്‍ കൈകള്‍ പിന്നില്‍ക്കെട്ടി-
യാകെയുഴിഞ്ഞൊന്നു നോക്കി നില്‍ക്കുന്നതും 

അങ്ങനെയെന്തെന്തു കാര്യങ്ങള്‍ നിന്നോടി- 
തമ്മ്യ്ക്ക് ചൊല്ലുവാന്‍ ഉണ്ടെന്റെയോമനെ! 

ആരക്കുഴക്കുള്ള ബസ്സുകാത്തന്നു നിന്‍ 
'ബാബ'യും അമ്മയും നിന്നേയുമേന്തിയാ
കാലവര്‍ഷത്തിന്റെ സന്ധ്യയില്‍ നില്‍ക്കവേ 
നീ മൊഴിഞ്ഞൂ , "പൂവ്, പൂ" വെന്നു മെല്ലവേ! 
ആ നിമിഷത്തിന്റെയോര്‍മ്മയമ്മക്കിന്നു- 
മായിരം പാത്രം മധുരം കഴിച്ചപോല്‍!



പിന്നെ നീ മെല്ലെ നടന്നു നടന്നു പോ-

യമ്മയെ ക്കാണാതൊളിച്ചിരിക്കാന്‍ പഠി-
ച്ചെന്നിട്ടുമെന്നും കിടന്നുറങ്ങും മുന്‍പ്

തന്നു നീയമ്മയ്ക്കൊരുമ്മ, സ്നേഹാര്‍ദ്രമായ്! 

ഇങ്ങനെയെന്തെന്തു കാര്യങ്ങള്‍ നിന്നോടി-
തമ്മ്യ്ക്ക് ചൊല്ലുവാന്‍ ഉണ്ടെന്റെയോമനെ!