Sunday, December 20, 2009

ഇവള്‍; ഈ പെണ്‍കുട്ടി

പിറന്നുവീണപ്പോള്‍ മകളായി,
കുഞ്ഞനിയത്തിയായി,
ചേച്ചിമാര്‍ക്ക്‌ കളിപ്പാട്ടം പോലെ
കൌതുകമുണര്‍ത്തുന്ന ജീവനുള്ള ബാര്‍ബി

കൌതുകത്തിന്റെ കിലുക്കങ്ങള്‍ ഒടുങ്ങിയപ്പോള്‍
ബാര്‍ബിക്കുഞ്ഞിന്‌ കുട്ടിക്കാലം മാവിന്‍ചുവട്ടില്‍,
പുഴക്കടവിലേക്കുള്ള ചെമ്മണ്‍പാതയില്‍ നഷ്ടമായി

കണ്ണു ചുവപ്പിച്ച്‌ കുത്തിയൊലിക്കുന്ന
പുഴവെള്ളത്തിലേക്ക് കൂപ്പ്‌ കുത്തുമ്പോള്‍
സ്വന്തം ജന്മത്തിന്റെ നിലയില്ലാക്കയങ്ങള്‍
അതിനടിയില്‍ പതിയിരിക്കുന്നതിവള്‍ അറിഞ്ഞില്ല
ആ കയങ്ങളില്‍ എവിടെയോ
ഇവളിലെ ബാര്‍ബി മുങ്ങിമരിച്ചു


തേങ്ങലുകള്‍ ചുടുനിശ്വാസങ്ങളും
വിതുമ്പലുകള്‍ പാട്ടുകളുമായി ഉതിര്‍ന്നപ്പോള്‍
സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശമല്ല
കണ്ണീരിന്റെ നനവാണ്‌ ഇവളുടെ
രാത്രികളെ ആര്‍ദ്രമാക്കിയത്‌

ഇവളുടെ കണ്ണുകളിലെ നക്ഷത്രങ്ങളെ
ആരു കണ്ടു?

Wednesday, December 16, 2009

മഴമേഘം


അച്ഛന്റെ ശവമഞ്ചത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍
അവള്‍ കരഞ്ഞില്ല

അവളുടെ ഉള്ളില്‍ ആയിരം മഴമേഘങ്ങ-
ളലറിച്ചൊരിയുന്ന തുലാമഴ ആര്‍ത്തുകരയുമ്പോള്‍
ചുറ്റുമുള്ളവര്‍ കാണാത്ത അവളുടെ കണ്ണീരിനെന്തു വില!
മഴമേഘത്തിന്റെ നെടുവീര്‍പ്പായി തഴുകാന്‍ വരുന്ന
ചുടുകാറ്റിന്റെ വിഷാദത്തിനെന്തു വില!

നന്‍മകളുടെ സൂര്യനും നക്ഷത്രവുമായിരുന്നു അച്ഛന്‍!
അച്ഛന്‍ നടന്നുപോയ വഴിത്താരയില്‍,
ആ കൈ പിടിച്ചുനടന്ന പെണ്‍കുട്ടി,
വിഹ്വലതയുടെ പേടമാന്‍ കണ്ണുകളുമായി നിന്നു..

മുടിയിഴകളില്‍ ചുംബിക്കാനെത്തിയ കാറ്റിനോടവള്‍ ചോദിച്ചു
"നിനക്കും ആരുമില്ലേ?"

അവളുടെ വഴിയില്‍ ഒരു നക്ഷത്രവും ഉദിച്ചില്ല!
അവളുടെ ഹൃദയത്തില്‍ അനുരാഗത്തിന്റെ മഴവില്ലും വിടര്‍ന്നില്ല!

പിന്നിട്ട വഴിയില്‍ അവള്‍ക്ക് നഷ്ടപ്പെട്ടതെന്തായിരുന്നു
ബാല്യം കൌമാരം യൌവനം..

പിന്നിട്ട വഴികള്‍ അവള്‍ക്ക്‌ സമ്മാനിച്ചതെന്തായിരുന്നു
മനസ്സില്‍ താലോലിക്കാന്‍ ഒരച്ഛന്റെ വാത്സല്യം...
പിന്നെ എന്നും കൂട്ടായി ഒരു മഴമേഘത്തിന്റെ ഘനീഭൂതദുഃഖം..

അവള്‍ പോകുന്നു,
നഷ്ടപ്പെട്ട വസന്തസ്ഥലികളിലേക്ക്‌...
നന്‍മകളുടെ സൂര്യോദയങ്ങളിലേക്ക്‌..

ഒറ്റയ്ക്ക്‌....

Monday, December 7, 2009

പ്രണയികള്‍ക്ക്കാറ്റിനു പൂമരങ്ങളോട്‌ പ്രണയമില്ല
കടലിനു കടല്‍ത്തീരത്തോട്‌ പ്രണയമില്ല
മേഘങ്ങള്‍ക്ക്‌ കുന്നുകളോടും,
നക്ഷത്രങ്ങള്‍ക്ക്‌ ആകാശത്തോടും പ്രണയമില്ല..
ഇവരെല്ലാം കെട്ടിപ്പുണരുന്നത്‌ വെറും പ്രകൃതിനിയമം!


എന്നാല്‍ അയാളും അവളും വ്യത്യസ്തരാണ്‌

അവളുടെ വിടര്‍ന്ന കണ്ണുകളില്‍
അയാള്‍ ജീവിതാന്ത്യംവരെ നോക്കിയിരിക്കും
അവയില്‍ അയാള്‍ സ്നേഹത്തിന്റെ നക്ഷത്രദീപ്തി കാണും
ആഴക്കടലുകളുടെ അഗാധനീലിമ കാണും

ട്യൂലിപ് പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന താഴ്വരകളില്‍
കൈകള്‍കോര്‍ത്ത്, തോളുരുമ്മിയിരിക്കും
ഒരു പൂവ്‌ വാടിവീഴുന്നതു കണ്ടാലവര്‍ നൊമ്പരപ്പെടും

ആ ട്യൂലിപ് ചെടികളില്‍ വീണ്ടും പൂമൊട്ടുകള്‍
തളിര്‍ക്കുന്നത് നോക്കി അവര്‍ ഒരു ജന്മാന്തരം പിന്നിടും
ഒന്നും മിണ്‌ടാതെ നിറയെ പറയും
ശുഭരാത്രി ചൊല്ലിപ്പിരിഞ്ഞ്‌
ഒറ്റയ്ക്കിരുന്ന്‌ സ്വയം ഉരുകിത്തീരും


ഈ അവസ്ഥയെ എന്തു പേരിട്ടു വിളിക്കും?

സൌഹൃദം, സ്നേഹം, പ്രണയം,
അനുരാഗം, പ്രേമം, അങ്ങനെ..... അങ്ങനെ

Saturday, November 14, 2009

സൂര്യനെ പ്രണയിച്ച നക്ഷത്രം

നക്ഷത്രങ്ങള്‍ക്ക് പാടാന്‍ കഴിയും!

നീലാകാശത്തു പൂക്കള്‍ വാരിവിതറിയ പോലെ
എണ്ണിയാല്‍തീരാത്തത്ര നക്ഷത്രങ്ങള്‍

സ്വയം പ്രകാശിക്കാനാവില്ലെങ്കിലും
അവയുടെ വെളിച്ചം ഭൂമിക്കൊരാഭരണം


തൂവെള്ള നിറമുള്ള അതിലൊന്നിനു
തേജസോടെ ജ്വലിക്കുന്ന സൂര്യനോട്‌ കടുത്ത പ്രണയം


പ്രണയ സാഫല്യത്തിനായി
സൂര്യനെ വലം വയ്ക്കുമ്പോള്‍
അവള്‍ പാടിക്കൊണ്ടിരുന്നു


അവളുടെ പാട്ടാണു
തിരമാലകള്‍ ഏറ്റു പാടുന്നത്
തിമിര്‍ത്തുപെയ്യുന്ന മഴ പാടുന്നത്


ഇനിയൊരു ജന്മത്തിലെങ്കിലും
സൂര്യനുവേണ്ടി മാത്രം ജ്വലിക്കാന്‍
ആ നക്ഷത്രം കാത്തിരിക്കുന്നു

Saturday, September 19, 2009

ആഗ്രഹങളുടെ തേര്

ഒരിക്കലും മായാത്ത മഴവില്ല് ....
ഒരിക്കലും വാടാത്ത ജമന്തിപ്പൂക്കള്‍ ....
പ്രണയത്തിന്‍ നിലയ്ക്കാത്ത വേണുവൂതുന്ന
എന്‍ ഹൃദയത്തിന്‍ ഗന്ധര്‍വ്വ ഗായകന്‍‌.
ആഴങ്ങളില്‍ തലയുയര്‍ത്തുന്ന പച്ചക്കുന്നുകള്‍
തുടക്കത്തില്‍ നിന്നും ഒടുക്കതിലെത്താത്ത
മരുപ്പച്ചയില്‍ വിദൂരമാകുന്ന ജീവിത യാത്രകള്‍
.

ഒരു ചിത്രകഥയിലെ കുട്ടികളെപ്പോലെ,
വളരാതെ,വിട പറയാതെ എന്‍‌റെ മക്കള്‍.
ഒരിക്കലും പിരിയേണ്‌ടാത്ത പുണ്ണ്യ-
സൌഹൃദങ്ങളുടെ മഹേന്ദ്ര ജാലം.
ഒരിക്കലും പൂര്‍ത്തീകരിക്കാനാകാത്തഎന്‍‌റെ ഭ്രാന്തമായ കല്പ്പനകള്‍.....

എന്നാല്‍ നീ മാത്രം,

ഒരിക്കലും മാറ്റമില്ലാത്ത സ്‌നേഹത്തിന്‍‌റെയും
സത്യത്തിന്‍‌റെയും കനിവുള്ള വെളിച്ചമായി
നിന്‍‌റെ ജാലകം എനിക്കായി തുറന്നിട്ടിരിക്കുന്നു.
അതിലൂടെ നിന്‍‌റെ വെളിച്ചത്തിന്‍‌റെ നീരുറവ
എന്‍‌റെ ജീവനിലേക്ക് പ്രവഹിക്കുന്നു.

ആ അമൃതവര്‍ഷിണിയിലൂടെ
എന്‍‌റെ ജന്‍മം ഒരു അമര ഗീതമാകുന്നു