Monday, March 15, 2010

നീ ദേവതയാണോ?



മഞ്ഞു മൂടിയ പുലർച്ചയിൽ ഒന്നും മിണ്ടാതെ അവർ നടന്നു
സൂര്യോദയത്തിന്റെ പറവകൾ ഉറക്കം വിട്ടെണീറ്റിരുന്നില്ല 
മഞ്ഞിന്റെ വെണ്മ പടർന്ന പോപ്ലാർ മരത്തിന്റെ ചുവട്ടിൽ നിൽക്കെ
അവൻ അവളുടെ കണ്ണുകളിൽ നോക്കി പറയാൻ തുടങ്ങി:

"എന്റെ സ്നേഹം മഴയായി പെയ്യും
മഴത്തുള്ളികളായി ഇറ്റു വീണ്,
നിന്റെ ചിമ്മുന്ന  കണ്‍പീലികളിൽ ചുംബിക്കും

എന്റെ സ്നേഹം കാറ്റായി വീശും
നിന്നെ മൃദുവായി പുണരും
നിന്റെ പാറിപ്പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കും
പക്ഷികൾ പറന്നെത്താത്ത താഴ്വരയിൽ നിന്ന്
ഒരു പൂവ് നിന്റെ മുടിയിൽ പറന്നെത്തിക്കും

എന്റെ സ്നേഹം നിദ്രയായി എത്തും
നിന്നെ എന്നിൽ ലയിപ്പിക്കും
നിന്റെ സ്വപ്നങ്ങളിൽ പൂക്കൾ വിടർത്തും
നിന്റെ പാദസരങ്ങളിൽ മെല്ലെ ചുംബിക്കും...."

അവളുടെ രണ്ടു കൈകളും ചേർത്തുപിടിച്ച് അവൻ പറഞ്ഞു:
"അങ്ങനെ എന്റെ സ്നേഹം നിന്നെ ഒരു ദേവതയാക്കും"

മുഖകണ്ണാടിയിൽ കണ്ട വശ്യമായി ചിരിക്കുന്ന മുഖത്തിനോടു
അവൾ ചോദിച്ചു:

"നീ ദേവതയാണോ?"

Tuesday, February 2, 2010

ഈ വാക്കുകള്‍

ഈ വാക്കുകള്‍ നിനക്കര്‍പ്പിച്ചിടുന്നിതാവാടാത്ത സൌഗന്ധികങ്ങളെത്ര!
വാടിക്കൊഴിയാത്തോരീപ്പൂക്കളില്‍ നീയെന്‍
ജീവന്റെ സ്പന്ദനം കേള്‍ക്കൂ സഖേ!

നിന്റെ പാദങ്ങള്‍ പതിക്കുന്ന വീഥിയില്‍,
നിന്റെ നിശ്വാസമലിയുന്ന വായുവില്‍
നിന്റെ ദു:ഖത്തിന്റെ കാര്‍മുകില്‍ മാലകള്‍-
പെയ്യാന്‍ വിതുമ്പുമാകാശ മാര്‍ഗ്ഗങ്ങളില്‍
നിന്നോടെനിക്കുള്ള സ്നേഹം ചൊരിയുന്നു!


വര്‍ണങ്ങളെപ്പോഴും പകരുമീപ്പൂവുകള്‍ വാക്കുകള്‍
നിന്റെ വാടും മുഖത്തൊരു
വാടാത്ത പുഞ്ചിരിയിന്നു വിടര്‍ത്തിയാല്‍
ഞാനിന്നു ധന്യയായ്‌ നീയെന്‍ ദേവനായ്‌
നാമിന്നനശ്വര സ്നേഹമായി!

Friday, January 22, 2010

ഇനിയെത്ര നാള്‍

അസ്തമിക്കുന്ന സൂര്യൻ
കടലിനോടു യാത്രചോദിക്കാറില്ല


തോരുന്ന മഴ അവൾ‍ തുടുപ്പിച്ച മണ്ണിനോടും
പെയ്യാൻ‍ തുടങ്ങുന്ന കാര്‍മുകിൽ ‍ ആകാശത്തോടും
യാത്രചോദിക്കാറില്ല

അറവുശാലയിലേക്ക് നിലവിളിച്ചുകൊണ്ട് നടക്കുന്ന
ആട്ടിന്‍പറ്റവും അവരുടെ യജമാനനോടു
യാത്ര ചോദിക്കുകയില്ല
പക്ഷെ, വേര്‍പാടിന്റെ വാതിലിൽ‍
അവൾ‍ നിശ്ശബ്ദയായിപ്പോകുന്നു
മനസ്സിന്റെ കോണിൽ‍
ഒരു ഏകതാരയുടെ തന്തി വലിഞ്ഞു മുറുകുന്നു

ജാലകത്തിന് പുറത്ത് മഞ്ഞിൽ‍ മുങ്ങിയ പുലരിയെ നോക്കി
അവൾ ചോദിച്ചുകൊണ്ടിരിക്കുന്നു

"ഇനിയെത്ര നാള്‍..........?"

Wednesday, January 6, 2010

സ്നേഹം എന്ന നക്ഷത്രം

ഒരു മഴവില്ലിനു ഏഴു നിറം
ഒരുപാടു മഴവില്ലുകള്‍ക്കൊരുപാട് നിറങ്ങള്‍

ഒരു സൂര്യോദയത്തിനൊരു സൂര്യന്‍
ഒരുപാട് സൂര്യോദയങ്ങള്ക്കുമൊരു സൂര്യന്‍

ഒരു നക്ഷത്രത്തിനു ഒരാകാശം
ഒരു ജാലകപഴുതിന് ഒരു നക്ഷത്രം

ഒരു നക്ഷ്ത്രത്തിന്‌,
ആയിരത്തിരിവിളക്കിന്റെ അപൂര്‍വ്വ ശോഭ
ലക്ഷം ദീപങ്ങളുടെ നിറപ്പകര്ച്ച

ആ പ്രഭാമണ്ഡലങ്ങളിലെല്ലാം
വിശ്വവശ്യമായ മന്ദഹാസവുമായി
ഒരാള്‍ കാത്തിരിക്കുന്നു

അവളുടെ പേര്
സ്നേഹം.. സ്നേഹം.. സ്നേഹം