Wednesday, December 16, 2009

മഴമേഘം


അച്ഛന്റെ ശവമഞ്ചത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍
അവള്‍ കരഞ്ഞില്ല

അവളുടെ ഉള്ളില്‍ ആയിരം മഴമേഘങ്ങ-
ളലറിച്ചൊരിയുന്ന തുലാമഴ ആര്‍ത്തുകരയുമ്പോള്‍
ചുറ്റുമുള്ളവര്‍ കാണാത്ത അവളുടെ കണ്ണീരിനെന്തു വില!
മഴമേഘത്തിന്റെ നെടുവീര്‍പ്പായി തഴുകാന്‍ വരുന്ന
ചുടുകാറ്റിന്റെ വിഷാദത്തിനെന്തു വില!

നന്‍മകളുടെ സൂര്യനും നക്ഷത്രവുമായിരുന്നു അച്ഛന്‍!
അച്ഛന്‍ നടന്നുപോയ വഴിത്താരയില്‍,
ആ കൈ പിടിച്ചുനടന്ന പെണ്‍കുട്ടി,
വിഹ്വലതയുടെ പേടമാന്‍ കണ്ണുകളുമായി നിന്നു..

മുടിയിഴകളില്‍ ചുംബിക്കാനെത്തിയ കാറ്റിനോടവള്‍ ചോദിച്ചു
"നിനക്കും ആരുമില്ലേ?"

അവളുടെ വഴിയില്‍ ഒരു നക്ഷത്രവും ഉദിച്ചില്ല!
അവളുടെ ഹൃദയത്തില്‍ അനുരാഗത്തിന്റെ മഴവില്ലും വിടര്‍ന്നില്ല!

പിന്നിട്ട വഴിയില്‍ അവള്‍ക്ക് നഷ്ടപ്പെട്ടതെന്തായിരുന്നു
ബാല്യം കൌമാരം യൌവനം..

പിന്നിട്ട വഴികള്‍ അവള്‍ക്ക്‌ സമ്മാനിച്ചതെന്തായിരുന്നു
മനസ്സില്‍ താലോലിക്കാന്‍ ഒരച്ഛന്റെ വാത്സല്യം...
പിന്നെ എന്നും കൂട്ടായി ഒരു മഴമേഘത്തിന്റെ ഘനീഭൂതദുഃഖം..

അവള്‍ പോകുന്നു,
നഷ്ടപ്പെട്ട വസന്തസ്ഥലികളിലേക്ക്‌...
നന്‍മകളുടെ സൂര്യോദയങ്ങളിലേക്ക്‌..

ഒറ്റയ്ക്ക്‌....

No comments:

Post a Comment