Friday, August 19, 2011

വീണ്ടും മഴ വന്ന ദിവസം

മഴത്തുള്ളികളുടെ ഗ്രാമത്തിൽ മഴയുടെ സംഗീതം മാത്രം....
വെയിൽ പോലും അവിടെ മഴയായ് പെയ്തു!

നിലാവ്, മഴയുടെ നൂല്‍ക്കമ്പികൾ കൊണ്ട് 
മുഖപടമണിഞ്ഞെത്തുന്ന വധുവായി നാണിച്ചു നിന്നു!

മഴത്തുള്ളികൾ മഴയുടെ പാട്ട് മാത്രം പാടി....
മേഘമൽ‍ഹാറായി മഴ വിതുമ്പിക്കൊണ്ടേയിരുന്നു!
അമൃതവർ‍ഷിണിയായി മഴ പെയ്തുകൊണ്ടേയിരുന്നു!


മഴത്തുള്ളികളുടെ ഗ്രാമത്തിൽ,
ഒരു മഴത്തുള്ളി മാത്രം ഇറ്റുവീഴാതെ,
ഒരു പൂവിതളിൽ തങ്ങി നിന്നു......

മഴയുടെ രാജാവ് ചോദിച്ചു,
ഇവൾ ആര്?
ഇവൾ‍ക്ക് മണ്ണിന്റെ ഗന്ധം അറിയണ്ടേ?
ഇവൾ‍ക്ക് പുതുപുൽ‍നാമ്പുകൾ‍ 
കുരുക്കുമ്പോൾ‍ തരിക്കുന്ന,
മണ്ണിന്റെ ഹൃദയത്തുടിപ്പ്‌ കേൾ‍‍ക്കാൻ തിടുക്കമില്ലേ?

അവൾ, സ്വപ്നങ്ങളുടെ മഴനൂലുകളിലൂടെ
നിലാവ് തിളങ്ങുന്നത് നോക്കി,
പൂവിതളിലേക്ക് മുഖം പൂഴ്ത്തിക്കിടന്നു...


നിലാവ് മങ്ങി!
വെയിലിന്റെ കൂടാരങ്ങൾ തകർ‍ന്നു!
രാത്രിയും പകലും, 
ഇണ ചേര്‍ന്ന ഒരു നീണ്ട സന്ധ്യയിൽ, ഒളിച്ചു..

മഴക്കാറുകളെ കാറ്റിന്റെ തേരുകൾ,

കോരിയെടുത്തുകൊണ്ടുപോയി..
മഴയുടെ രാജാവും പ്രവാസത്തിലായി!


പൂവിതളിലെ മഴത്തുള്ളി മാത്രം,
പൂവിന്റെ നിശ്വാസമേറ്റു മറഞ്ഞിരുന്നു...
അവൾ അലിഞ്ഞില്ല...
അവൾ സൂര്യനെ ധ്യാനിച്ചു...
നിലാവിനെ ധ്യാനിച്ചു...
വെളിച്ചത്തെ ധ്യാനിച്ചു...


കല്പാന്തത്തോളം നീണ്ടുപോയൊരു
സന്ധ്യയുടെ അവസാനം...
മിന്നൽ‍പിണരുകൾ പല്ലിളിച്ചു ഇടിമുഴങ്ങി...
കാറ്റിന്റെ പര്‍വതങ്ങൾ തകർ‍ന്നു വീണുകൊണ്ടിരുന്നു..

വീണ്ടും മഴ വന്ന ദിവസം...
മഴത്തുള്ളികൾ വീണ്ടും പാടാൻ തുടങ്ങിയ നാൾ...
ഒറ്റ മഴത്തുള്ളിയുടെ ധ്യാനം...
സൂര്യനെ ഉണർ‍ത്തിയ നേരം...

വെയിലിന്റെ കൂടാരങ്ങള്‍ വീണ്ടും, 
സ്വര്‍ണ്ണമേലാപ്പുകളോടെ ഉയര്‍ന്ന ദിവസം...
മഴയുടെ സംഗീതം വീണ്ടും ഉയർ‍ന്നു!
മഴയിൽ കുളിച്ച നിലാവ് വീണ്ടുമൊരു വധുവായി!

പൂവിതളിലെ മഴത്തുള്ളി
മഴയുടെ രാജകുമാരിയായി
വെയിൽ അവളെ ഒരു നക്ഷത്രമാക്കി...!!!

8 comments:

  1. പ്രിയപ്പെട്ട ചക്കി,
    കുട്ടിക്കാലത്ത്,എന്നെ കളിയായി ചക്കി എന്ന് വിളിക്കുമായിരുന്നു.:)
    മഴത്തുള്ളികളുടെ സംഗീതം നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു സ്വയം പറയണം,വിശ്വസിപ്പിക്കണം, എന്നും തിളങ്ങി നില്‍ക്കുന്ന നക്ഷത്രം ആണ് ചക്കിയെന്നു!കേട്ടോ?നന്നായി എഴുതി!ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  2. കവിത ഇഷ്ടപ്പെട്ടു..ആശംസകൾ..

    ReplyDelete
  3. ഇത് കൊള്ളാല്ലോ! ഇതിന്‍റെ അര്‍ത്ഥം എനിക്ക് മനസിലായില്ലാ എന്ന് കരുതണ്ടാ, ഉള്ളില്‍ ഒളിപ്പിചിരിക്കുന്ന സംഭവം എനിക്ക് നന്നായി മനസിലായി! സൂപ്പര്‍ ആയി കേട്ടാ! അമ്പട രാഭണാ!!!

    (ഇനി ഞാന്‍ മനസിലാക്കിയത് അല്ലാ എഴുതിയ ആള്‍ ഉദ്ദേശിച്ചത് എങ്കില്??? ഹേയ്, അത് തന്നെയാകും ഉദ്ദേശിച്ചത്.)

    ReplyDelete
  4. പുതിയതെന്തോ എഴുതിയതാണെന്ന് കരുതി ഓടിവന്നതാ അഗ്രിഗേറ്ററില്‍ കണ്ടപ്പോള്‍.., :)

    ReplyDelete
  5. പൂവിതളിലെ മഴത്തുള്ളി
    മഴയുടെ രാജകുമാരിയായി
    വെയിൽ അവളെ ഒരു നക്ഷത്രമാക്കി...!!!

    nalla varikal

    ReplyDelete