Sunday, December 20, 2009

ഇവള്‍; ഈ പെണ്‍കുട്ടി

പിറന്നുവീണപ്പോള്‍ മകളായി,
കുഞ്ഞനിയത്തിയായി,
ചേച്ചിമാര്‍ക്ക്‌ കളിപ്പാട്ടം പോലെ
കൌതുകമുണര്‍ത്തുന്ന ജീവനുള്ള ബാര്‍ബി

കൌതുകത്തിന്റെ കിലുക്കങ്ങള്‍ ഒടുങ്ങിയപ്പോള്‍
ബാര്‍ബിക്കുഞ്ഞിന്‌ കുട്ടിക്കാലം മാവിന്‍ചുവട്ടില്‍,
പുഴക്കടവിലേക്കുള്ള ചെമ്മണ്‍പാതയില്‍ നഷ്ടമായി

കണ്ണു ചുവപ്പിച്ച്‌ കുത്തിയൊലിക്കുന്ന
പുഴവെള്ളത്തിലേക്ക് കൂപ്പ്‌ കുത്തുമ്പോള്‍
സ്വന്തം ജന്മത്തിന്റെ നിലയില്ലാക്കയങ്ങള്‍
അതിനടിയില്‍ പതിയിരിക്കുന്നതിവള്‍ അറിഞ്ഞില്ല
ആ കയങ്ങളില്‍ എവിടെയോ
ഇവളിലെ ബാര്‍ബി മുങ്ങിമരിച്ചു


തേങ്ങലുകള്‍ ചുടുനിശ്വാസങ്ങളും
വിതുമ്പലുകള്‍ പാട്ടുകളുമായി ഉതിര്‍ന്നപ്പോള്‍
സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശമല്ല
കണ്ണീരിന്റെ നനവാണ്‌ ഇവളുടെ
രാത്രികളെ ആര്‍ദ്രമാക്കിയത്‌

ഇവളുടെ കണ്ണുകളിലെ നക്ഷത്രങ്ങളെ
ആരു കണ്ടു?

2 comments: